കുരുടന്മാർ “കണ്ട” ആനയും ചില അവിചാരിത മുഖാമുഖങ്ങളും

നേരം ഇരുട്ടിത്തുടങ്ങി. അന്ധതയുടെ ഇരുട്ട് മൂടിയ കൃഷ്ണന്റെ കണ്ണുകള്‍ക്ക് രാപ്പകലുകള്‍ എന്ന വേര്‍തിരിവില്ലായിരുന്നു. കണ്ണില്ലാഞ്ഞിട്ടും തന്റെ കൂട്ടുകാര്‍ക്കൊപ്പം അന്നല്‍പം വേഗത്തില്‍ വടക്ക് ദിശയിലേക്ക് വലിഞ്ഞുനടക്കുകയായിരുന്നു കൃഷ്ണന്‍.  തോറ്റ് പിന്മാറാന്‍ അയാള്‍ ഒരുക്കമല്ലായിരുന്നു.  ആനയെ തൊട്ട് മനസ്സിലാക്കി ആന എങ്ങനെ ഇരിക്കുമെന്ന് മനസ്സിലാക്കാനാണത്രെ അന്ധരായ കൂട്ടുകാര്‍ക്കൊപ്പമുള്ള കൃഷ്ണന്റെ ആ യാത്ര.  ആറുപേരും ആനയെ തൊട്ടിട്ടുണ്ട്, വിലയിരുത്തുകയും ചെയ്തിട്ടുണ്ട്. പക്ഷെ ഉയര്‍ന്നത് ആറഭിപ്രായം!  തൂണായും ചൂലായും മുറമായും നീണ്ടു വിവരണങ്ങള്‍. 

ഒരു പക്ഷെ നമുക്കൊക്കെ ഏറെ പരിചിതമായ ഈ കഥപോലെ തന്നെയാണ്  ഇന്ന് ആഗോളതലത്തില്‍തന്നെ ചര്‍ച്ചാവിഷയമായ മനുഷ്യനും വന്യജീവികളും, പ്രത്യേകിച്ച് ആനയും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷങ്ങളുടെയും പ്രശ്‌നപരിഹാര സാധ്യതകളുടെയും അവസ്ഥ.  ബഹുവിധാഭിപ്രായങ്ങള്‍ നീളുന്നുവെങ്കിലും സമഗ്രമായി ആന എന്നാല്‍  ഇതുപോലെ പലതും കൂടിച്ചേര്‍ന്ന, അതിവിചിത്രവും സങ്കീര്‍ണവും വിശാലവുമായ ഒന്നെന്ന് മനസ്സിലാക്കുന്നതില്‍ വന്ന പാകപ്പിഴവ് എല്ലായിടത്തും തെളിഞ്ഞുനില്‍ക്കുന്നു.

_GAN0522

കടപ്പാട്: ഗണേശൻ രഘുനാഥൻ

ആന മൂലമുണ്ടാവുന്ന കൃഷിനാശവും ജീവഹാനിയും ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആദ്യപാദത്തോടെ മാത്രം ശ്രദ്ധയില്‍പെട്ടുതുടങ്ങിയ  ഒന്നെന്ന് പലരും വിലയിരുത്തിയത് വിശ്വസിച്ചുതുടങ്ങിയപ്പോഴാണ് ‘പാലകാപ്യം’ എന്നൊരു പ്രാചീന ഗ്രന്‍ഥം വായിക്കാന്‍ ഇടയായത്. അംഗരാജ്യത്തെ പ്രജകള്‍ ആനകള്‍ ഉണ്ടാക്കിയ കൃഷിനാശത്തെ കുറിച്ച് രോമപാദ മഹാരാജാവിനോട് സങ്കടം പറഞ്ഞപ്പോള്‍ ഗൗതമനാരദാദി മുനിമാരുടെ വരപ്രകാരം ഗജഗ്രഹണം നടത്തി പ്രശ്‌നപരിഹാരം കണ്ടുവെന്ന് ആ പുരാണം പറയുന്നു. കാലങ്ങള്‍ക്കിപ്പുറം ശാസ്ത്രസാങ്കേതിക മികവോട് കൂടി കാര്യനിര്‍വഹണം നടത്തേണ്ട സംഗതികളൊക്കെ ഉണ്ടായിട്ടും ഇന്നും പക്ഷെ പരിഹാരം ആനപ്പിടുത്തവും നാടുകടത്തലും തന്നെ!  കാലാനുസൃതമായി സാങ്കേതിക തികവുകളൊന്നും ആനയും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ രൂക്ഷത കുറച്ചിട്ടില്ല!  എന്തായാലും ആ പ്രശ്‌നത്തിന്റെ  ഒരു താത്വികാവലോകനമാണ് ഇവിടെ നടത്താന്‍ ആഗ്രഹിക്കുന്നത്. ഒപ്പം പ്രശ്‌നപരിഹാരസാധ്യതകളിലേക്ക് ഒരെത്തിനോട്ടവും. അത് ബുദ്ധന്റെയും ജോണ്‍ സാക്‌സെയുടെയും ആനയെ കാണാന്‍ പോയ അന്ധന്മാരുടെ വീക്ഷണകോണിലൂടെ ആവാം!

കഥയിലെ ഒന്നാമന്‍ പറയുന്നു: ആവാസവ്യവസ്ഥയുടെ നാശവും fragmentation മൂലം ഇടതൂര്‍ന്ന കാടുകള്‍ ശകലങ്ങളായി വെട്ടിചുരുങ്ങുന്നതുമാണ് കാരണം.

KalyanVarma_DJI00264_aerial image Iyerpadi Colony

തേയിലത്തോട്ടങ്ങൾക്കായി വെട്ടിത്തെളിച്ച മഴക്കാടുകൾ ശകലങ്ങളായി വെട്ടിച്ചുരുങ്ങിയ കാഴ്ച. ആനമലയിൽ നിന്ന്. കടപ്പാട്: കല്യാൺ വർമ്മ

കാര്യം ഒരു വലിയ പരിധി വരെ ശരിയാണ്. സ്മിത്‌സോണിയന്‍ ഗവേഷണ കേന്ദ്രത്തിലെ ഡോക്ടര്‍ പീറ്റര്‍ ലീംഗ്രബര്‍ കണ്ടെത്തിയിട്ടുള്ളത് കഴിഞ്ഞ ചില ദശാബ്ദത്തില്‍ ആനകള്‍ക്ക് നഷ്ട്ടപ്പെട്ടിരിക്കുന്നത് 50 ശതമാനത്തില്‍ കൂടുതല്‍ ആവാസകേന്ദ്രങ്ങളാണെന്നാണ്. തന്മൂലം തുണ്ടുകളായി വിഭജിക്കപ്പെട്ട വനശകലങ്ങളില്‍ ചെറിയ സംഖ്യയില്‍ ഇന്ന് ആനകളെ കണ്ടുപോരുന്നു. എന്നാല്‍ സഹ്യനിരകളിലെ നീലഗിരിയും ആനമലയും ഇതില്‍ നിന്നും അല്പം വ്യത്യസ്തമായി 12600 ചതുരശ്രകിലോമീറ്ററായും 6500 ചതുരശ്രകിലോമീറ്ററായും തുടര്‍ച്ചയായ വനമേഖലയായി ആനകള്‍ക്ക് കിലോമീറ്ററുകളോളം സഞ്ചരിക്കാന്‍ ഉതകുന്ന രീതിയില്‍ വ്യാപിച്ച് കിടക്കുന്നു. ബിലിഗിരിരംഗസ്വാമി മല മുതല്‍ സൈലന്റ് വാലിയുമായി തൊട്ട് കിടക്കുന്ന കോയമ്പത്തൂര്‍ വനമേഖല വരെ നീണ്ട് കിടക്കുന്ന നീലഗിരി പക്ഷെ ഊട്ടിയുടെ വിനോദസഞ്ചാരമേഖലാ വളര്‍ച്ചയുടെ കയ്പ്പ് നുകര്‍ന്ന് കൊണ്ടിരിക്കുകയാണ്; കൂനൂര്‍, കോത്തഗിരി, ഗൂഡലൂര്‍, വയനാട് എന്നിവിടങ്ങളിലെ കാടുകള്‍ തോട്ടങ്ങള്‍ക്കായി വെട്ടിത്തെളിച്ച് ജനവാസകേന്ദ്രങ്ങളാക്കിയപ്പോള്‍ ആനകളോട് പറയാനും അനുവാദം വാങ്ങാനും സര്‍വരും മറന്നതിനാലാകണം അവ തീറ്റയും വെള്ളവും തേടി ഇന്നും ഈയിടങ്ങള്‍ സന്ദര്‍ശിച്ച് കൊണ്ടിരിക്കുന്നത്. ആദ്യമായി കണ്ണാടിയില്‍ തന്റെ പ്രതിബിംബം കണ്ട ബുള്‍ബുള്‍ പക്ഷിയെ പോലെ അമ്പരപ്പായിരുന്നുവത്രേ ആനകളെ വീട്ടുമുറ്റത്ത് കണ്ട വരത്തന്മാരായ തോട്ടക്കാര്‍ക്ക്. അവയെ അകറ്റിനിര്‍ത്താന്‍ അവര്‍ പയറ്റിയ സകല തന്ത്രങ്ങളും തങ്ങളുടെ വന്യബുദ്ധി ഉപയോഗിച്ച് കിഴക്കോട്ടൊഴുകുന്ന ഭവാനിയാറ്റില്‍ ഒഴുക്കിക്കളഞ്ഞ ആനകള്‍ പക്ഷെ, മനുഷ്യന്റെ ക്രൂരമായ പത്തൊമ്പതാമത്തെ അടവില്‍ തോറ്റുതുടങ്ങി.  തോക്കിന്‍കുഴലിലും വൈദ്യുതക്കമ്പികളിലും ഇന്ന് അവ തങ്ങളുടെ അന്ത്യം നേരിടുന്നു; മിച്ചമുള്ളവ അഭയാര്‍ഥികളായി തീരുന്നു. Elephant Refugees എന്ന് വരെ വിശേഷണങ്ങള്‍ വീണു തുടങ്ങിയത് അങ്ങനെയാണത്രെ. സ്വന്തം കാട്ടില്‍നിന്ന് ആട്ടിയോടിക്കപ്പെടുന്ന ആനകള്‍ അങ്ങനെ ആന അഭയാര്‍ത്ഥികളായി മാറിത്തുടങ്ങി.

അപ്പോഴാണ് നമ്മുടെ രണ്ടാമന് ചോദ്യം:  ആവാസവ്യവസ്ഥയുടെ നാശമാണ് കാരണമെങ്കില്‍ കര്‍ണാടകത്തിലെ ഹാസന്‍ പോലോരിടത്ത് ആനകള്‍ ജീവിക്കുന്നതെങ്ങനെ?
ദശഹെക്ടര്‍ കണക്കില്‍ മാത്രം വനമവശേഷിക്കുന്ന ആളൂര്‍, ആര്‍സിക്കെരെ, സകലേഷ്പൂര്‍ താലൂക്കുകളില്‍ നാല്പതോളം ആനകള്‍ കാപ്പിത്തോട്ടങ്ങളിലും വനശകലങ്ങളിലും വര്‍ഷങ്ങള്‍ തള്ളിനീക്കുന്നത് ശ്രദ്ധയില്‍ പെട്ട രണ്ടാമന്‍ വീ്ണ്ടും പറഞ്ഞു, ആനകളുടെ വംശവര്‍ദ്ധനവാണ് കാരണമെന്ന്. കാട് വിട്ട് (പ്രയോഗം രസം; പക്ഷെ കാട് വിട്ടതോ, കാട് നിന്നിടം തേടി തിരിച്ചുവന്നതോ? ഇന്നവിടെ കാടില്ലാതാക്കിയത് ആനകളല്ലെന്ന് എല്ലാവര്‍ക്കുമറിയാം––കേട്ട് നിന്ന മൂന്നാമൻ ആത്മഗതമുണർത്തി) പുറത്തിറങ്ങുന്ന ആനകളെ മുഴുവന്‍ പിടികൂടണം. എത്ര ആനകളാണ് മനുഷ്യവാസസ്ഥലങ്ങള്‍ക്കരികെ കഴിയുന്നതെന്ന് നോക്കി, കണക്കെടുത്ത് അവയെ പൂര്‍ണമായി തുടച്ച് നീക്കി, പ്രശ്‌നത്തിന് വിരാമമിടാം. അല്ലെങ്കില്‍ അവയെ വിരട്ടിയോടിച്ച് സമാധാനിക്കാം. വേണമെങ്കില്‍ ആനപ്പോലീസായ താപ്പാനശ്രേഷ്ഠന്മാരുടെ സേവനം അഭ്യര്‍ത്ഥിക്കാം.

KalyanVarma-4121814

ഹാസൻ മേഖലയിൽ നടന്ന ആനപ്പിടുത്തതിൽ നിന്ന്. കടപ്പാട്: കല്യാൺ വർമ്മ

ഇതെല്ലാം കേട്ടിരുന്ന മൂന്നാമന്‍ ചോദ്യശരമെറിയാന്‍ തീരുമാനിച്ചു. ഇരുപത് വര്‍ഷക്കാലയളവില്‍ അന്‍പതോളം ആനകളെ പ്രശ്‌നപരിഹാരമെന്നോണം പിടിച്ച് കൂട്ടിലടച്ചിട്ടും ഹാസനില്‍ നാല്പതോളം ആനകളെങ്ങനെ വന്നു? അപ്പൊ പ്രശ്‌നം എണ്ണത്തില്‍ അല്ല; സ്പില്‍ഓവര്‍ പ്രഭാവമല്ലെന്ന് ഉറപ്പ് വരുത്തിയ സംതൃപ്തി മൂന്നാമന്റെ മുഖത്ത്. മാത്രമല്ല ഓടിച്ച് വിട്ടാലോ നാടുകടത്തി വിട്ടാലോ തിരികെ വരും, പൂച്ചകുഞ്ഞല്ല, ഘടാഘടിയന്‍ ആനകളാണേയ് ! അല്ല, അനുഭവം ഉണ്ട്. ഏറെ ആനകളെ പ്രശ്‌നബാധിതമേഖലകളില്‍ നിന്നും നാടുകടത്തി വിട്ട് അവ ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ച് വന്ന കഥകള്‍ ഹാസന്‍-കുടക് കാടുകള്‍ക്ക് തന്നെ പറയാനുണ്ടാവും. ഇനിയിപ്പോ ഒരിക്കലും തിരിച്ച് വരില്ലെന്ന് ഉറപ്പുള്ള സ്ഥലത്തേക്കാണെങ്കില്‍ പ്രശ്‌നം മറ്റൊരു രീതിയിലാവും. വലത്തേകാലിലെ മന്ത് ഇടത്തോട്ട് മാറ്റിക്കിട്ടിയ സാക്ഷാല്‍ നാറാണത്തിന്റെ അവസ്ഥ. പുതിയ മേഖലയിലേക്ക് ‘സ്ഥലംമാറ്റം’ കിട്ടി വന്ന ആനക്കേമന്മാരില്‍  ഒരുവന്‍ കടലില്‍ ചാടിയതും നോട്ടിക്കല്‍ മൈലുകളോളം നീന്തിയതും നാവികസേന അവനെ തിരികെ വലിച്ച് കൊണ്ട് വന്നതും, കര കേറ്റി വിട്ട് ഏതാനും ദിവസങ്ങള്‍ക്കകം അവന്‍ ഒരു കിണറ്റില്‍ വീണ് അവസാനിച്ചതും ഇന്നലെ കഴിഞ്ഞ കഥ പോലെ ഓര്‍ക്കുന്നു ലങ്കന്‍ ദ്വീപ് നിവാസികള്‍.

എണ്ണത്തില്‍ അല്ലെങ്കില്‍ പിന്നെ എവിടെയാ പ്രശ്‌നഹേതു? ആനകള്‍ക്ക് പഥ്യമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വളര്‍ത്തുന്നതാണ് കാരണം. വാഴയും കരിമ്പും വെച്ചാല്‍ ആനകള്‍ തേടി വരില്ലേ? പിന്നെ വരാതിരിക്കുമോ? കാര്യം ശരി തന്നെ. വര്‍ഷങ്ങളോളം പരുത്തി വളര്‍ന്നിരുന്ന കൊങ്കുനാടന്‍ മണ്ണുകള്‍ കുഴല്‍കിണറുകളാല്‍ ഫലഭൂയിഷ്ഠമായപ്പോള്‍ പരുത്തിക്കാടുകള്‍ വാഴയ്ക്കും തെങ്ങിനും കരിമ്പിനും ചോളത്തിനും വഴി മാറി. ഇവ വനയോരങ്ങള്‍ വരെ നീണ്ടപ്പോള്‍ അക്കേഷ്യന്‍ മുള്‍ക്കാടുകളിലെ പട്ടയും പുല്ലുമാണോ തിന്നേണ്ടത് അതോ അതിനരികില്‍ മാദകഗന്ധം പടര്‍ത്തി നില്‍ക്കുന്ന കാര്‍ഷിക വിളകളാണോ എന്ന് ആനകള്‍ക്ക് ഒരു പക്ഷെ അധികം ചിന്തിക്കേണ്ടി വന്നിട്ടുണ്ടാവില്ല. അല്പം അപായസാധ്യതകളെ തരണം ചെയ്താല്‍ ആനുകൂല്യങ്ങള്‍ പതിന്മടങ്ങാണ് ആനകള്‍ക്ക്. ഭീരുക്കളല്ല അവര്‍. പെരുവയര്‍ നിറക്കാന്‍ പാടുപെടുന്നവര്‍ക്ക് ഇത്തിരിപ്പോന്ന മനുഷ്യരുടെ ചെറുത്തുനില്‍പ്പുകളെ, അവരുടെ ദുര്‍ബലമായ കരങ്ങള്‍കൊണ്ടുള്ള പടക്കമേറുകളെ ഏറെക്കാലം ഭയന്ന് പിന്മാറാനുമാകില്ല!

“ഹിപ്പോക്കാമ്പ്‌സും സെറിബെല്ലവും ഇതര മസ്തിഷ്‌കഘടനകളും മനുഷ്യരുടേതിന് സമമായ ആനകളുടെ ദൈനംദിന കാര്യങ്ങള്‍ തീരുമാനിക്കുന്നത് ഇത്തരം സിദ്ധാന്തം മാത്രമാവില്ല.” ഉയര്‍ന്നു കേട്ട ഈ ശബ്ദം പാതിമയക്കം വിട്ടുണര്‍ന്ന നാലാമന്റേതായിരുന്നു. ആത്യന്തികമായി സാമൂഹ്യ ജീവിയായ ആനകളില്‍ തലമുറകളിലേക്ക് അറിവ് പകര്‍ന്ന് കൊടുക്കുന്ന ശീലമുള്ളതിനാല്‍ മുന്‍കാലങ്ങളില്‍ ആ സ്ഥലത്ത് കൂടെ സഞ്ചരിച്ച ഓര്‍മയുടെ പുറത്താണ് ഇന്ന് നഗരങ്ങളായി മാറിയ പലയിടത്തും കാട്ടാനകളെ കണ്ടുവരുന്നതത്രെ. ജോയ്‌സ് പൂളും സിന്തിയ മോസും ഡഗ്ലസ് ഹാമില്‍ട്ടണും മൈക്ക് ചേസും ഇത്തരത്തില്‍ ആനകള്‍ അറിവ് തലമുറകളിലേക്ക്  പകരുന്നതിനെ കുറിച്ചും അവയുടെ ദീര്‍ഘദൂര സഞ്ചാരത്തെക്കുറിച്ചും അവയുടെ സ്ഥിര വാസമേഖലയോടുള്ള വിശ്വാസ്യത അഥവാ fidelityയെ കുറിച്ചും മനോഹര ലേഖനങ്ങള്‍ കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടയ്ക്ക് എഴുതിയിട്ടുണ്ട്. ‘കര്‍ണാടകത്തിലെ തുംകൂറിലെ വയലുകളിലും വയനാടടുത്ത് പനമരത്തെ കാപ്പി തോട്ടങ്ങളിലും തെക്കന്‍ ശ്രീലങ്കയിലെ തിസ്സമഹാരമയിലെ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയിലും ആനകള്‍ കണ്ട് വരുന്നത് അത് മൂലമാവണം. കൈയിലുള്ള പത്രം നാലായി മടക്കി ഒന്നാം പേജിലെ ചിത്രം കാണിച്ചു, നാലാമന്റെ തുണക്കാരനൊരാള്‍. എന്താണതില്‍? കിലോമീറ്ററുകള്‍ സഞ്ചരിച്ച്, കവിഭാവനകളില്‍ ഉള്‍പുളകമുണര്‍ത്തുന്ന കാഴ്ചയൊരുക്കി നിളാനദിയില്‍ നീരാടുകയായിരുന്ന മൂന്ന് കരിവീരശ്രേഷ്ഠന്മാരുടെ ചിത്രം. പറയെടുപ്പിന് വന്ന ആനകളെന്ന് കരുതി അവയെ അരിയും പൂവുമെറിഞ്ഞ് ഫലങ്ങള്‍ നല്‍കി സ്വീകരിച്ചവര്‍ വരെയുണ്ടത്രേ, വള്ളുവനാടന്‍ ഗ്രാമങ്ങളില്‍! അലപം തമാശ കൂട്ടിച്ചേര്‍ത്തു നമ്മുടെ ഉത്സാഹഭരിതനായ തുണക്കാരന്‍.

Palakkad bulls at Nila_Aneesh S

നിളാതീരത്ത് മേയുന്ന കാട്ടാനകൾ. കടപ്പാട്: അനീഷ് എസ്

ഈ അഭിപ്രായങ്ങളോടൊന്നും യോജിക്കാത്ത കണക്കെ നിന്ന അഞ്ചാമന്‍ പക്ഷെ ഉരിയാടിയപ്പോള്‍ അവന്‍ പറഞ്ഞത് ശരിയാണെന്ന് തോന്നി മറ്റുള്ളവര്‍ക്കെല്ലാം. ‘അതാത് സ്ഥലങ്ങളില്‍ ആ പ്രദേശത്തിന്റെ പ്രശ്‌നം മനസ്സിലാക്കി സംഘര്‍ഷ സാഹചര്യങ്ങള്‍, വിശേഷാല്‍ മനുഷ്യ ജീവഹാനി ഏത് രീതിയില്‍ സംഭവിക്കാന്‍ സാധ്യതയുണ്ടോ എന്ന മനസ്സിലാക്കി അത് ഏതെങ്കിലും രീതിയില്‍ തടയാന്‍ ഒരുപാധി ഏര്‍പ്പെടുത്തിയാല്‍  പ്രശ്‌നപരിഹാരം ഒരളവുവരെ സാധ്യമാവും. പക്ഷേ യഥാര്‍ത്ഥ പ്രശ്‌നം അതല്ല. എന്ത് പദ്ധതികള്‍ ആസുത്രണം ചെയ്താലും അത് സര്‍ക്കാരിന്റെയും ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും ചുമതലയും കടമയുമാണെന്ന് കരുതി യാതൊരു ഉത്തരവാദിത്തവും കാണിക്കാന്‍  ആ മേഖലയിലെ ജനങ്ങള്‍ തയ്യാറാവാത്തിടത്തോളം കാലം അവ പരാജയപ്പെട്ട് കൊണ്ടിരിക്കും. “കൂട്ടായ പരിശ്രമം കൊണ്ട് മാത്രമേ ഈ വിഷയത്തിന് ഒരു പരിഹാരം സാധിക്കുകയുള്ളൂ”,  നമ്മുടെ അഞ്ചാമന്റെ ശബ്ദത്തില്‍ അനുഭവസമ്പത്ത് പകര്‍ന്ന് നല്‍കിയ ആത്മവിശ്വാസം നിഴലിക്കുന്നുണ്ടായിരുന്നു.

പറഞ്ഞ കാര്യങ്ങള്‍ വളരെ ശരിയാണ്––ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയത് മൂലം പശ്ചിമഘട്ടത്തിലെ ആനമലക്കാടുകളുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന വാല്‍പ്പാറയിലെ  തോട്ടം മേഖലയില്‍ കഴിഞ്ഞ ചില വര്‍ഷങ്ങളായി സംഘര്‍ഷബാധിത പ്രദേശങ്ങളുടെ എണ്ണവും ആനകള്‍ മൂലം വീടുകള്‍ക്കും മറ്റുമുണ്ടാവുന്ന നാശനഷ്ടങ്ങളും കുറയുന്നതായി കണ്ടുതുടങ്ങിയിരിക്കുന്നു. ആനകളുടെ നീക്കങ്ങളെക്കുറിച്ചുള്ള,  ‘മുന്നറിയിപ്പ് സംവിധാനം’ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പറ്റം സാങ്കേതിക ഉപാധികള്‍ പ്രശ്‌നപരിഹാരത്തിന് വലിയ രീതിയില്‍ ഉതകുന്നുണ്ടെങ്കിലും പരിശ്രമങ്ങളുടെ വിജയകാരണം പക്ഷേ അതല്ല!   വര്‍ഷങ്ങളെടുത്ത് അവിടുത്തെ സാഹചര്യങ്ങളെ ആഴത്തില്‍, ശാസ്ത്രീയമായി മനസ്സിലാക്കിയ പഠനങ്ങളാണ് യഥാര്‍ത്ഥത്തില്‍ വിജയിച്ചുകൊണ്ടിരിക്കുന്നത്. ആ പഠനങ്ങള്‍ക്കായി ജീവന്‍ പണയം വെച്ച് മുന്നിട്ടിറങ്ങിയ ശാസ്ത്രജ്ഞരുടെ ഉദ്യമങ്ങളാണ് ജനങ്ങളെയും ആനകളെയും പരസപരം കൊന്നൊടുക്കാതെ ജീവിക്കാന്‍ ഇന്ന് പ്രേരിപ്പിക്കുന്നത്!

Red light_EF

രണ്ടു കിലോമീറ്റർ ചുറ്റളവിൽ ഉള്ള പ്രദേശങ്ങളിൽ നിന്നും കാണുന്ന രീതിയിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ചുവന്ന വിളക്ക് ആ പ്രദേശത്തെ ആനകളുടെ സാന്നിധ്യത്തെ കുറിക്കുന്നു. വാൽപ്പാറയിലെ മുന്നറിയിപ്പ് സംവിധാനങ്ങളിൽ ഒന്ന്. കടപ്പാട്: സ്റ്റുവർട്ട് ഡൺ

സമാനരീതിയില്‍ ശ്രീലങ്കയുടെ വടക്കന്‍ മേഖലകളില്‍ ഗാല്‍ഗാമുവാ, വാസ്ഗാമുവ തുടങ്ങിയ സ്ഥലങ്ങളില്‍ ഗജശാസ്ത്രജ്ഞന്‍ ഡോക്ടര്‍ പൃത്വിരാജ് ഫെര്‍ണാണ്ടോയുടെ പ്രകൃതി സംരക്ഷണ ഗവേഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രാദേശിക സമിതികള്‍ രൂപീകരിച്ച് സംഘര്‍ങ്ങള്‍ ലഘൂകരിക്കുകയുണ്ടായി. ഇവിടെ പക്ഷേ വൈദ്യുത വേലികള്‍ സ്ഥാപിച്ചാണ് കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കിയത്. വൈദ്യുതി വേലികളുടെ പരിപാലനം പൂര്‍ണമായും മേല്‍പ്പറഞ്ഞ പ്രാദേശിക സമിതികളുടെ മേല്‍നോട്ടത്തിലായതിനാല്‍ നോട്ടക്കുറവോ പിഴവോ വരുന്നില്ലെന്ന് മാത്രമല്ല, ഈ ഉദ്യമം പതുക്കെ സുസ്ഥിരമാകുവാനും തുടങ്ങി. വൈദ്യുത വേലികള്‍കൊണ്ട് അനുകൂലഫലം കാണുകയില്ല എന്ന മുന്‍ധാരണ കൊണ്ട് നടക്കുന്നവര്‍ ഇവിടെ വരെ പോയി അത് കാണണം. വേലിയുടെ പക്കല്‍ വരെ നീളുന്ന ആനകളുടെ കാല്‍പ്പാടുകള്‍ അവിടെ നിന്നും വഴി മാറി തിരിച്ച് പോന്നിരിക്കുന്നതായി കാണാം.

അല്പം വൈകിയെത്തിയത് കാരണം ചര്‍ച്ചയില്‍, അഥവാ സംവാദത്തില്‍ പങ്കെടുക്കാതെ അല്പമകലെ മാറി നിന്ന് എല്ലാം കേള്‍ക്കുകയായിരുന്നു ആറാമനായ കൃഷ്ണന്‍. അത് നന്നായെന്ന് തോന്നി––ഒട്ടും വൈകിക്കാതെ തിരിച്ച് നടത്തം തുടങ്ങി. വന്ന വേഗതയില്ല പക്ഷെ; മനസ്സ് നിറയെ ചിന്തകള്‍ നിറഞ്ഞിരിക്കുന്നു ഇപ്പോള്‍. ആനയെന്നാല്‍ നാല് തൂണ് പോലുള്ള കാലുകളും ചൂല് കണക്കെ വാലും മുറം പോലുള്ള ചെവികളും തുമ്പിക്കൈയും എല്ലാംകൂടി സമ്മിശ്രമായ ഒരു ആജാനുബാഹുവായ, ഗാംഭീര്യത്തികവാര്‍ന്ന, സര്‍വ്വോപരി സങ്കീര്‍ണതകള്‍ നിറഞ്ഞ ഒരു മഹാത്ഭുതമാണെന്ന് മനസ്സിലാക്കാന്‍ ഏതായാലും കൃഷ്ണന് പിന്നെ വലിയ ബുദ്ധിമുട്ടുണ്ടായില്ല. ഈ വീക്ഷണങ്ങള്‍, കൃഷ്ണനില്‍ അന്ധനാണെങ്കിലും പുതിയ ചിന്തകളും വെളിപാടുകളുമുണര്‍ത്തി. കൃതയുഗത്തില്‍ ഭദ്രനായും ത്രേതായുഗത്തില്‍ മന്ദനായും ദ്വാപരയുഗത്തില്‍ മൃഗമായും കലിയുഗത്തില്‍ ഭദ്രമന്ദമൃഗ ജാതികളുടെ സമ്മിശ്രമായ ആനകളായും ജന്മമെടുത്ത, ഏതു തരത്തിലുള്ള സാഹചര്യവുമായും എളുപ്പം പൊരുത്തപ്പെടാന്‍ പോന്ന, highly adaptable എന്ന് തീര്‍ത്തും വിശേഷിപ്പിക്കാവുന്ന ആനകളെ കൂടുതലായി ജനവാസകേന്ദ്രങ്ങളില്‍ നിന്നകലെയല്ലാതെ കാണാന്‍ സാധിക്കും, കാടും നാടും തമ്മിലുള്ള അന്തരം കുറഞ്ഞുവരുമ്പോല്‍ ആനകള്‍ നാട് കാടായും മനുഷ്യന്‍ കാട് നാടായും കണ്ടുതുടങ്ങും. വരും നാളുകളില്‍ ഏറെയുണ്ടാകാന്‍ സാധ്യതയുള്ള അത്തരം സന്ദര്‍ഭങ്ങളില്‍, കാട്ടാനയും മനുഷ്യനും തമ്മിലുള്ള നിരന്തരമായ കൂടിക്കാഴ്ചകളില്‍ അപകടമില്ലാതിരിക്കാന്‍ തയ്യാറെടുക്കുക എന്നതാണ് പ്രധാനം. ആനകളെക്കാള്‍ അക്കാര്യത്തില്‍ ഏറെ ചെയ്യാന്‍ സാധിക്കുക മനുഷ്യനാണ്. ഇനി നേരിടാന്‍ പോകുന്ന അപ്രതീക്ഷതമായ മുഖാമുഖങ്ങളില്‍  ആസൂത്രിത നീക്കങ്ങളും തയാറെടുപ്പുകളും ഇരുഭാഗത്തെയും മാനസിക, ശാരീരികാഘാതങ്ങളെ ചെറുക്കാന്‍ സഹായിച്ചേക്കും. സംഘര്‍ഷം എന്ന് ജനസഹസ്രങ്ങളും മാധ്യമങ്ങളും ഉദ്‌ഘോഷിക്കുന്ന ആ ‘വന്യസന്ദര്‍ശനങ്ങളെ’ ഒരു സൗഹൃദസന്ദര്‍ശനമായി കണക്കാക്കി വിരുന്നുകാരെ മനസ്സുവിഷമിപ്പിക്കാതെയും ശരീരത്തിന് പരിക്കേല്‍ക്കാതെയും തിരിച്ചയക്കാനുള്ള പക്വത നേടാന്‍ മനുഷ്യരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം നിറവേറ്റാനായിരിക്കണം  അധികാരവർഗ്ഗത്തിന്റെ ആത്മാര്‍ത്ഥമായ ശ്രമങ്ങളത്രയും.

ഏറെക്കാലത്തെ പരിശ്രമം കൊണ്ട് നേടിയ അറിവുകളിൽ നിന്നും, അനുഭവങ്ങൾ നൽകിയ ബാലപാഠങ്ങളിൽ നിന്നും അടർത്തിയെടുത്ത ഏടുകൾ മനസ്സിൽ ഒന്നൊന്നായി മറിയവേ, തെല്ലകലെയല്ലാത്ത സഹവർത്തിത്വ നാളുകൾ സ്വപ്‌നം കണ്ട് കൃഷ്ണൻ നടന്നകന്നു.

 

 

****************************

കുറിപ്പ്: ഒക്ടോബർ ലക്കം “കൂട്” മാസികയിൽ വന്ന ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം. ഡ്രാഫ്ട് പരിശോധിച്ചതിന് പ്രസന്ന വർമ്മ, പ്രസാദ് രാമചന്ദ്രൻ എന്നിവരോട് കടപ്പാട് രേഖപ്പെടുത്തിക്കൊള്ളുന്നു.