ആനത്താരകളിൽ നിന്നും ആനത്താരങ്ങളിലേക്ക്

ഇറ്റോർഫിന്റെയോ സൈലസീന്റെയോ പ്രവർത്തനം നിമിത്തം ഒരു ചെറു മയക്കത്തിലായിരുന്നു; മയക്കം പാതി വിട്ടുണർന്നത് പിൻകാലിലെ മുറിപ്പാടിൽ പ്രൊവിഡൻ അയഡിൻ സൊല്യൂഷനിൽ മുക്കിയ പഞ്ഞി ആഴ്ന്നിറങ്ങിയപ്പോഴാണ്. വേപ്പെണ്ണയുടെ മണം കലർന്ന സ്പ്രേ അടിച്ചപ്പോൾ കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു; പണ്ട് കൂട്ടത്തിലെ മറ്റൊരു പ്രമുഖൻ കേറി കുത്തി വാൽ കടിച്ചെടുത്തപ്പോഴുണ്ടായ നീറ്റൽ ഓർമപ്പെടുത്തിയ പോലെ തോന്നി അവന്. മുറിപ്പാടിന് ദിവസങ്ങളുടെ പഴക്കമേയുള്ളൂ; പണ്ടായിരുന്നെങ്കിൽ മുളങ്കൂട്ടങ്ങളുടെ നടുക്കുള്ള വയലിലെ ചെളിയോ പുഴയുടെയോ ഡാമിന്റെയോ കരകളിൽ കാണുന്ന മണ്ണോ സഹായകരമായേനെ. ഇടയ്‌ക്കെപ്പോഴോ കണ്ണോടിച്ചപ്പോൾ തന്റെ ചുറ്റിനും നിരത്തി വെച്ചിരിക്കുന്ന പ്രാഥമിക ശുശ്രൂഷക്കാവശ്യമായ വസ്തുക്കൾ കണ്ടപ്പോഴായിരിക്കണം അവന് സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലായിട്ടുണ്ടാവുക. നടയമരങ്ങൾ നീട്ടി ചുറ്റിനും നിന്നിരുന്നവരെ ആട്ടിയോടിച്ചിരുന്നത് അതോട് കൂടി നിർത്തി; സഹകരിക്കാൻ തീരുമാനിച്ചു. മുറിവ് വൃത്തിയായി കഴുകി മരുന്ന് വെച്ച് മയക്കം വിട്ടുണരാനുള്ള മറുമരുന്ന് കൊടുത്ത് ചികിത്സകരും പരിചാരകരും മടങ്ങി അല്പനിമിഷത്തിനുള്ളിൽ അവൻ ആ തിരിച്ചറിവിലേക്ക് വന്നു, താൻ കിടക്കുന്നത് ഒരു വലിയ കൂട്ടിനകത്താണ്. പണ്ട് കുത്തിക്കീറി ഉള്ളിലെ മധുരം ആസ്വദിച്ചിരുന്നു തൈലമരം എന്നറിയപ്പെടുന്ന യൂക്കാലിപ്റ്റസ് മരങ്ങളുടെ. അവയുടെ കഴകളുടെ സുഗന്ധം അവനിൽ വനവ്യഥകളുണർത്തി. മയക്കം പൂർണമായി വിട്ട നേരം എതിർത്തിട്ട് കാര്യമില്ലെന്ന തിരിച്ചറിവ് വന്നിരുന്നു. തന്റെ കൂട്ടത്തിലെ മറ്റൊരുവൻ സ്വാതന്ത്ര്യത്തിന്റെ മധുരം നുകരാൻ കഴകൾ പൊളിക്കാനുള്ള ശ്രമത്തിനിടെ തന്റെ ഗംഭീര മസ്തകത്തിലേറ്റ ആഘാതത്തെ തുടർന്ന് ഇഹലോകവാസം വെടിഞ്ഞ കഥ അവൻ കേട്ടിരുന്നു.
 
കൂരിക്കൊമ്പന്റെ വാശിയൊക്കെ അടങ്ങിയ മട്ടാ––ഉറക്കെ ഉയർന്ന് കേട്ടത് മലയവിഭാഗത്തിൽപ്പെട്ട ഒരുവന്റെ ശബ്ദമായിരുന്നു. തന്റെ മേലുദ്യോഗസ്ഥനോട് കാട്ടുകൊമ്പന്റെ സ്വഭാവത്തിൽ വന്ന പ്രകടമായ മാറ്റം എടുത്ത് പറഞ്ഞപ്പോൾ അവനിൽ ഉത്സാഹം.
 
……ഉദ്വിഗ്‌നാശ്ച മന:ശരീരജനിതൈര്‍
ദുഃഖൈരതീവാക്ഷമാ:
പ്രാണാന്‍ ധാരയിതും ചിരം നരവശം
പ്രാപ്ത: സ്വയൂഥാദഥ…
 
നൂറ്റാണ്ടുകൾക്ക് മുന്നേ ഗജശാസ്ത്രം രചിച്ച പാലകാപ്യ മഹർഷിയുടെ വരികളാണ്–– ആനകൾ തങ്ങളുടെ പ്രാണൻ നിലനിർത്താൻ ചിരകാലം മനുഷ്യരുടെ അധീനതയിൽ വസിക്കേണ്ടതായി വരുന്നു എന്ന് സാരം. കൂരിക്കൊമ്പനെ പോലുള്ളവരുടെ ഈ തിരിച്ചറിവ് തന്റെ വിജയമായി കാണുന്നു മനുഷ്യൻ പലപ്പോഴും. തന്റെ ആധിപത്യം സ്ഥാപിച്ചു എന്ന് കരുതുന്ന മനുഷ്യൻ പക്ഷെ തുടർന്ന് പാലകാപ്യൻ പരാമർശിച്ചത് എന്ത് കൊണ്ടോ ഒരിക്കലും ശ്രദ്ധിച്ചില്ല, അല്ലെങ്കിൽ മുഖവിലയ്‌ക്കെടുത്തില്ല. രാജ്യഭ്രഷ്ടനായ രാജാവിന് സമനായി പാലകാപ്യൻ വർണ്ണിക്കുന്ന കാട് കൈവിട്ട കരി സ്വതന്ത്ര ജീവിതത്തിൽ അനുഭവിച്ച സുഖങ്ങളെ കുറിച്ചും ചെയ്തു പോന്നിരുന്ന ക്രീഡകളെ കുറിച്ചും ചിന്തിച്ച് വിഷണ്ണനായി മരണത്തെ വരിക്കാൻ സാധ്യത ഉള്ളതിനാൽ അവയുടെ ധാതുപുഷ്ടിക്ക് ജലക്രീഡയും പാംസുസ്നാനവും ദേഹരക്ഷയും ചെയ്യേണ്ടിയിരിക്കുന്നു. ഇതെല്ലാം വനവിരഹിതനായ കളഭചരിതം. ഈയൊരവസ്ഥ ഇവർക്കെങ്ങനെ കൈവന്നു, അല്ലെങ്കിൽ ഗജക്ലേശവും മൃത്യൂപയാനവും എവിടെ തുടങ്ങുന്നു എന്നതിൽ പ്രാമുഖ്യം കൊടുക്കാം––വിളക്കുമാടത്തിൽ നിന്നുള്ള വെളിച്ചം ആ ദിശയിലേക്ക് തിരിച്ച് നോക്കാം.
 
പാലകാപ്യൻ കുറിച്ചതിങ്ങനെ––കൃഷി സ്ഥലങ്ങളിലെ ക്രീഡ മൂലം ജനങ്ങൾക്ക് ക്ലേശം സൃഷ്ടിച്ചിരുന്ന ആനകളെ രോമപാദ മഹാരാജന്റെ സേന ബന്ധനസ്ഥരാക്കി കൊട്ടാരക്കൊട്ടിലിൽ കൊണ്ട് വന്ന് തളച്ചു. രാജകല്പനയ്‌ക്കപ്പുറം ഒന്നുമില്ലെന്നൊരു കാലഘട്ടത്തിൽ ഇത്തരമൊരു നടപടിയുടെ ഉറവിടവും പ്രചോദനവും ഊഹിക്കാം. തുടർന്ന് വന്യതയുടെ ഈ സ്വരൂപങ്ങളെ എങ്ങനെ രാജ്യപുരോഗതിക്കും മനുഷ്യോപയോഗങ്ങൾക്കും നിയോഗിക്കാമെന്ന വിശദമായ കുറിപ്പുകൾ പദ്യരൂപേണ രചിച്ച് ഗജശാസ്ത്രത്തിന്റെ വേരുകൾ ആഴത്തിൽ നാട്ടി, പാലകാപ്യ മഹർഷി. എന്നാൽ അർത്ഥശാസ്ത്രത്തിൽ കൗടില്യൻ ഊന്നൽ നൽകിയ പോലെ ഗജവനങ്ങൾ, വന്യഗജസംരക്ഷണത്തിനായി, സ്ഥാപിക്കുന്നതിന് നൽകേണ്ട പ്രാധാന്യത്തെ കുറിച്ച് പിന്നീടൊരു ശാസ്ത്രത്തിലും പ്രതിപാദിച്ച് കണ്ടില്ല. ഈസ്റ്റ് ഇന്ത്യ കംബനിയുടെ നേതൃത്വത്തിൽ രാജ്യത്തുടനീളം വനങ്ങൾ ഉപഭോഗവസ്തുക്കളുടെ ഉൽപാദനത്തിനായി വെട്ടി തെളിച്ചപ്പോൾ അപൂർവയിനം ജീവജാലങ്ങൾ വംശനാശം കൈവരിച്ച് പട്ടികയിൽ നിന്നും മാഞ്ഞ് പോയത് പലരുടെയും ശ്രദ്ധയിൽ പെട്ടില്ലായിരിക്കാം. ഇമ്പീരിയൽ ഫോറെസ്റ് ഡിപ്പാർട്മെന്റിന്റെ ലക്‌ഷ്യം രാജ്യത്തെ റെയിൽവെ ഉൾപ്പെടെയുള്ള വ്യാവസായിക സംരംഭങ്ങൾക്ക് വേണ്ട തടിയുൽപാദനം മാത്രമായിരുന്നു. 1800കളുടെ അവസാനപാദത്തിൽ സർക്കാർ ആവശ്യങ്ങൾക്കായി ഖെദ്ദ മുറയിൽ അനവധി ആനകളെ മൈസൂർ കാടുകളിൽ നിന്നും പിടിക്കുകയും വിനോദാവശ്യങ്ങള്ക്കായി വെടി വെക്കുകയും (ട്രോഫി ഹണ്ടിങ്) ചെയ്തപ്പോൾ പക്ഷെ അന്നത്തെ മദ്രാസ് പ്രെസിഡെൻസി ഇതിൽ നിന്നും വ്യത്യസ്തമായി 1873ൽ മദ്രാസ് എലിഫന്റ് പ്രിസർവേഷൻ ആക്ട് നടപ്പിലാക്കുകയും നിയമലംഘനം നടത്തുന്നവരെ ക്രൂശിക്കുന്നതിന് നടപടികൾ സ്വീകരിക്കുകയും ചെയ്തുവത്രേ. നൂറ്റാണ്ടിനിപ്പുറം ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ അശ്രാന്തപരിശ്രമങ്ങളുടെ ഫലമായി 1972ൽ രാജ്യത്തെ ഏറ്റവും വലിയ വന്യമൃഗസംരക്ഷണ മാർഗരേഖയായി വന്യജീവി സംരക്ഷണ നിയമം (1972) നിലവിൽ വന്നപ്പോൾ ഒന്നാം പട്ടികയിലുൾപ്പെട്ട ആനയുൾപ്പെടെയുള്ള ജീവികളുടെ സംരക്ഷണത്തിന് പ്രതീക്ഷ കൈവന്നുവെങ്കിലും തുടർന്നും അനധികൃത വനനശീകരണം സ്വാഭാവിക ആവാസവ്യവസ്ഥൾക്ക് ഭേദമാക്കാൻ കഴിയാത്തവണ്ണം ക്ഷതമേല്പിച്ചു.
 
ഒരു പ്രധാന വനമേഖലയിൽ നിന്നും മറ്റൊന്നിലേക്ക് ആനകൾക്ക് നീങ്ങാനുള്ള ഇടനാഴികൾ, അഥവാ പാതകളാണ് ആനത്താരകൾ എന്നറിയപ്പെടുന്നത്. വനമേഖലയ്‌ക്കകത്തും ചുറ്റിനുമായി ഏറി വന്ന സമ്മർദ്ദങ്ങൾ ഇത്തരം ഇടനാഴികളെ കാർന്ന് തിന്നപ്പോൾ അവിടം മനുഷ്യവാസകേന്ദ്രങ്ങളായി. ആനകളും മറ്റ് വന്യമൃഗങ്ങളും പക്ഷെ തങ്ങളുടെ ആ ആവാസമേഖലയെ വിട്ട് പോവാൻ തയ്യാറായില്ല. മാറ്റങ്ങൾക്കനുസൃതമായി സ്വഭാവവ്യതിയാനങ്ങൾ കൈവരുത്തിയ ജീവജാലങ്ങൾ ഇത്തരം വൻകിട മാറ്റങ്ങളെ അതിജീവിച്ചു. അത്തരം ജീവജാലങ്ങളിൽ പ്രഥമസ്ഥാനീയർ തന്നെ ആനകൾ. തൊണ്ണൂറുകളോടെ മനുഷ്യ-വന്യജീവി സംഘർഷം സമകാലീനപ്രശ്നങ്ങളിൽ ഏറ്റവും വലുതായി വളർന്ന/ചിത്രീകരിക്കപ്പെട്ട സാഹചര്യത്തിൽ ആനകൾ വീണ്ടും പഴയ രോമപാദയുഗത്തിലേക്ക് തള്ളപ്പെട്ടു. പ്രശ്നബാധിതമേഖലകളിൽ നിന്നും ആനകളെ പിടികൂടുകയോ നാടുകടത്തുകയോ ആണ് മാർഗമെന്ന് വരുത്തിത്തീർക്കപ്പെട്ടു. മറ്റേതെങ്കിലും സാധ്യമായ മാർഗങ്ങൾ പരീക്ഷിക്കാനോ സ്വീകരിക്കാനോ ബന്ധപ്പെട്ട അധികൃതരെ അനുവദിക്കാത്തവണ്ണം രാഷ്ട്രീയ-സാമൂഹ്യ സമ്മർദ്ദങ്ങൾ വർധിച്ച് കൊണ്ടേയിരുന്നു. മുൻപേ പരാമർശിച്ച സ്വഭാവവ്യതിയാനങ്ങളും ആവാസവ്യവസ്ഥാനാശവും കൃഷിസ്ഥലങ്ങളിലെ പോഷകക്കൂടുതലുള്ള വിളകളും കാട്ടാനകളെ നിരന്തരം മനുഷ്യവാസകേന്ദ്രങ്ങൾക്കരികെ എത്തിച്ച് കൊണ്ടിരുന്നു. എന്നാൽ പ്രശ്നം ആനകൾക്കല്ലെന്നും അതാത് സ്ഥലങ്ങൾക്കാണെന്നും വർഷങ്ങൾക്കിപ്പുറവും തിരിച്ചറിവ് ഉണ്ടായിട്ടില്ല എന്നത് തികച്ചും ഖേദകരം തന്നെ, ഒട്ടനവധി ശാസ്ത്രസാങ്കേതിക പുരോഗതികൾക്ക് ശേഷവും !
 
കർണാടകയിലെ ഹാസൻ-കുടക് മേഖല ഇതിന്റെ ഉദാത്തമായ ഉദാഹരണമാണ്. രണ്ട് പതിറ്റാണ്ടിനുള്ളിൽ അൻപതോളം ആനകളെ പിടികൂടി കൂട്ടിലടയ്‌ക്കുകയും നാടു കടത്തുകയും ചെയ്തിട്ടും ഇന്നും അവിടെ കാട്ടാനകൾ മൂലമുള്ള കൃഷി, മനുഷ്യ ജീവനഷ്ടങ്ങൾക്ക് അറുതി വന്നിട്ടില്ല. ആനകളില്ലാതിരുന്ന മേഖലയായിരുന്ന ഹാസനിൽ എവിടെ നിന്നും ആനകൾ വന്നു എന്ന് ചോദിക്കുന്ന തോട്ടമുടമകളും കർഷകരും പക്ഷെ 1970കളിൽ വരെ ആ മേഖലയിൽ നിന്ന് സർക്കാർ കാട്ടാനകളെ പിന്തുടരുകയും ആനപ്പിടുത്തം നടത്തുകയും ചെയ്തിരുന്നത് അറിയാത്തതോ അവഗണിക്കുന്നതോ? തോട്ടം മേഖല വികസിച്ചപ്പോൾ നഷ്ടപ്പെട്ട് പോയ കട്ടേപുര കാടുകളും, ദൊഡ്ഡബെട്ട വനംപ്രദേശവും ഒരു കാലത്ത്, ഒരുപാട് മുൻപല്ല താനും, ആനകൾ സ്വൈര്യവിഹാരം നടത്തിയിരുന്ന മേഖലയായിരുന്നു.
 
സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിന് നിയമപ്പോരാട്ടങ്ങൾ നടക്കുന്ന ഇന്നത്തെ കാലഘട്ടത്തിൽ അട്ടപ്പാടിയിലെയും ആനക്കട്ടിയിലെയും വാളയാറിലെയും ആനകൾക്ക് ഒരു വിധത്തിൽ പറഞ്ഞാൽ നീതി നിഷേധിക്കപ്പെടുകയാണ്; ഒരു വലിയ “E”യുടെ മാതൃകയിലേക്ക് ചുരുങ്ങിക്കൂടികൊണ്ടിരിക്കുന്ന കോയമ്പത്തൂർ വനമേഖലയിലെ ഈ തലമുറയിലെ ആനകൾക്ക് കാടുകളേക്കാൾ ഒരുപക്ഷെ ചോളനിലങ്ങളും കരിമ്പിൻ തോട്ടങ്ങളും ചെങ്കൽചൂളകളുമാവാം കൂടുതൽ പരിചയം. വാലിൽതൂങ്ങിയും ആർത്ത് വിളിച്ചും കൂകിയും കുടിയേറ്റ തൊഴിലാളികൾ നിത്യേന ആനകളെ കാട് കയറ്റുമ്പോൾ ആരും മനസ്സിലാക്കുന്നില്ല, ഇത്തരം പ്രവൃത്തികളുടെ ഭവിഷ്യത്തുകൾ.ആനകൾക്ക് ഭയം തീർത്തും നഷ്ടപ്പെട്ട് കഴിയുമ്പോ ആക്രമണങ്ങൾ ഒഴിച്ച് കൂടാനാവാത്ത ഒരു പ്രശ്നമായി മാറിയേക്കാം. ഇതിന്റെ തെളിവുകൾ മേൽപ്പറഞ്ഞ മേഖലയിൽ തന്നെ വർധിച്ച് വരുന്ന മനുഷ്യ ജീവഹാനിയുടെ രൂപത്തിൽ ഉടലെടുത്തത് കഴിഞ്ഞു. പകൽ മുഴുവനും ഒരർത്ഥത്തിൽ സ്വാതന്ത്ര്യം നഷ്ടപ്പെട്ട് ഇടക്കാടുകളിൽ മറ പിടിച്ച് നിന്ന് രാത്രിയുടെ മറവിൽ തങ്ങളുടെ പെരുവയർ നിറയ്‌ക്കാൻ ഇറങ്ങുമ്പോഴാണ് വീണ്ടും മനുഷ്യരുടെ മുന്നിൽപ്പെടുന്നതും അപകടങ്ങൾ സംഭവിക്കുന്നതും. താരതമ്യേന ധൈര്യക്കൂടുതൽ (bolder) ഉള്ള ചില ആനകൾ പകൽ പുറത്തിറങ്ങുന്നതോടെ അവ ആക്രമണകാരികളായി. പിന്നെ സ്ഥിരം നടപടികൾ––തെളിയാത്ത എല്ലാ “ആനക്കൊലകളും” അവന്റെ/അവളുടെ തലയിൽ വെച്ച് കെട്ടി കൊലയാന പട്ടം ചാർത്തി ആഘോഷിക്കുകയായി. മാധ്യമങ്ങളിൽ ചർച്ചകൾ കൊടുമ്പിരിക്കൊണ്ട് തുടങ്ങിയാൽ മേൽനടപടിയെന്നോണം അറസ്റ്റും ജയിൽവാസവുമായി.
 
ഇത്തരം സന്ദർഭങ്ങളിലെ അറസ്റ്റ്‌ അഥവാ ആനപ്പിടുത്തത്തിന് എത്തുന്ന ആനപൊലീസാണ് താപ്പാനകൾ അഥവാ കുങ്കിയാനകൾ. കഥയിലെ കൂരിക്കൊമ്പൻ ഉൾപ്പെടെ ഒട്ടനവധി ആനകൾക്ക് കടിഞ്ഞാണിടാൻ ഉതകുന്ന ഈ ആനപ്പട്ടാളം കഠിനപരിശീലനങ്ങൾക്കൊടുവിലാണ് ഈ പദവി നേടുന്നത്. എല്ലാ ആനകളും കുംകികൾ ആവാറില്ല. ആദിവാസികളായ ആനക്കാർക്ക് ആനകളുടെ മട്ടും മാതിരിയും കണ്ടാൽ അറിയാൻ അവ ഈ ഗണത്തിൽപ്പെടുത്താൻ പോന്നവയാണോ എന്ന്. ഇടിച്ചും തള്ളിയും ഓടിച്ചും കുരുക്കിടാൻ കുടുക്കിപ്പിടിച്ചും ആരോമൽ ചേകവരുടെ അഭ്യാസപാടവത്തോടെ പയറ്റുന്ന കുംകിയാനകളുടെ ചേഷ്ടകൾ തന്നെ വീരകഥകൾ കണക്കെ പാടി നടക്കാറുണ്ട് മലയരും കാട്ടുനായ്‌ക്കരും കുറുബരും മറ്റും. പലപ്പോഴും കാട്ടാനകൾ ബന്ധവസ്സ്‌ ആക്കാൻ വഴങ്ങിക്കൊടുക്കുന്നത് താപ്പാനകളുടെ പ്രഹരം സഹിക്കവയ്യാതെ തന്നെ. അതാത് ഇടങ്ങളിലെ ആദിവാസി വിഭാഗങ്ങളുടെ ഗജപരിപാലനരീതികൾക്കനുസരിച്ച് ഓരോ മേഖലകളിലും താപ്പാന പരിശീലനത്തിലും അവയുടെ മോഡസ് ഓപ്പറാന്റിയിലും ഗണ്യമായ മാറ്റമുണ്ട്. കൂരിക്കൊമ്പൻ എന്ത് കൊണ്ടോ, ഭാഗ്യവശാൽ മലയരുടെ കൈവശം എത്തിപ്പെട്ടു. ഇവിടുത്തെ ആനപ്പോലീസുകാർ ജനകീയ നയക്കാരത്രേ ! അത് കൊണ്ട് വളരെ കുറച്ച് മുറിപ്പാടുകളിൽ മാത്രമേ പ്രൊവിഡൻ അയഡിൻ-ടോപ്പിക്യൂർ സ്പ്രേ പ്രയോഗങ്ങൾ വേണ്ടി വന്നുള്ളൂ. കാട്ടാനയുടെ ഇരു വശത്തും വടം കെട്ടി കടിച്ച് പിടിച്ച് അവയെ സുരക്ഷിതമായി ക്രാൽ അഥവാ പന്തിക്കകത്തേക്ക് ആക്കുന്നത് വരെ ആനപ്പോലീസ് കൂടെയുണ്ടാവും. ഇവയുടെ സേവനം പിന്നീട് ഉതകുക കൂടിന്റെ കഴകൾ മാറ്റാനോ പരിശീലനം കഴിഞ്ഞ ആനയെ പുറത്തേക്കിറക്കാൻ സഹായിക്കാനോ ആണ്.
 
അപ്പോഴാണവൻ അത് ശ്രദ്ധിച്ചത്––മലയൻ തന്നെ കൂരിക്കൊമ്പൻ എന്നാണ് വിളിച്ചത്; പുതിയൊരു പേരുമായി. മയക്കം തീർത്തും വിട്ട് മാറിയപ്പോഴേക്കും മുഖത്തും ശരീരത്തിലും ചിലർ കൂടി വെള്ളം ഒഴിച്ച് കൊണ്ടിരിക്കുകയായിരുന്നു. മലയൻ തുണിക്കഷ്ണം വെച്ച് കെട്ടിയ ഒരു കോലുകൊണ്ട് എന്തോ ദ്രാവകം നഖത്തിനിടയിലും ചീളിയിലും ചങ്ങലപ്പറ്റിലും തേച്ച് കൊണ്ടിരുന്നു. ഓരോന്ന് ചെയ്യുന്നതിനിടയ്ക്കും അവർ എന്തെക്കെയോ പറയുകയും ആന പൊടുന്നനെ എന്തെങ്കിലും ചെയ്‌താൽ കരിമ്പ് കൊടുത്ത് കൊണ്ടിരിക്കുകയും ചെയ്തു. മുൻ നിശ്ചയിച്ചവണ്ണം സഹകരണം തന്നെ മുന്പോട്ടുള്ള വഴി എന്ന് തീരുമാനിച്ചത് കൊണ്ടോ എന്തോ ആഴ്ചകൾക്കുള്ളിൽ ആ അഴികൾക്കിടയിൽ നിന്നും അവന് മോചനമുണ്ടായി. പുറത്തിറങ്ങിയപ്പോഴേക്കും ക്യാമറകൾ മിഴികൾ ചിമ്മിത്തുറന്നു. അവന് ചുറ്റും ഒരു മായാവലയം തീർത്ത പോലെ തോന്നി അവന്. ആ മിഥ്യ അവന്റെ കാലിലെ നീട്ടുചങ്ങലയുടെ പിടുത്തത്തിൽ നിന്നും അവനെ മോചിതനാക്കി.
കൈയിൽ പിടിച്ചിട്ടുള്ള കരിന്തുവര കോൽ കണക്കെയുള്ള ആ മലയൻ അവന്റെ ചങ്ങാതിയായി വർത്തിച്ചു, സന്തതസഹചാരി; അവർ കാടും കാട്ടാറും കണ്ടു, പിന്നിട്ട വഴികളിലൂടെ അവൻ വീണ്ടും നടന്നു, മലയനോടൊപ്പം, കൂട്ടാനയുടെ വാലിന് പകരം തുവരക്കോലിന്റെ തുമ്പായിരുന്നു കൈയിൽ. ദ്രുതഗതിയിൽ കാര്യങ്ങൾ മനസ്സിലാക്കി, “വിദ്യാഭ്യാസം” പുരോഗമിച്ചപ്പോൾ എല്ലാവരും വട്ടം കൂടി നിന്നാവർത്തിച്ചു, ഇവനാണ് അടുത്ത താരമെന്ന്. താരകൾ നഷ്ടപ്പെട്ട്, ഗജയൂഥവിരഹിതനായി, വനവ്യഥാബാധിതനായി അതിജീവനപാത പിന്തുടർന്നവൻ പിന്നീടങ്ങോട്ട് താരമാണത്രെ.
 
ഉന്നിദ്രം തഴയ്ക്കുമീ താഴ്വര പോലൊന്നുണ്ടോ
തന്നെപ്പോലൊരാനയ്ക്കു തിരിയാൻ വേറിട്ടിടം ?
 
~വൈലോപ്പിള്ളി
**********
സ്വാതന്ത്ര്യത്തിന്റെ മാനിഫെസ്റ്റോ (2018) എന്ന സമാഹാരത്തിൽ നിന്നും പുനഃപ്രസിദ്ധീകരണം.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s