പാലകാപ്യന്‍ ചിന്തകളും സമകാലീന ഗജസംരക്ഷണവും പരിപാലനവും

DSCN1525-01

വന്യാസ്തത്ര സുഖോഷിതാ വിധി വശാദ്
ഗ്രാമാവതീര്‍ണാ ഗജാ
ബദ്ധാസതീക്ഷ്ണകടുഗ്രവാഗ്ഭിരതിശുഗ്
ഭീമോഹബന്ധാദിഭി:
ഉദ്വിഗ്‌നാശ്ച മന:ശരീരജനിതൈര്‍
ദുഃഖൈരതീവാക്ഷമാ:
പ്രാണാന്‍ ധാരയിതും ചിരം നരവശം
പ്രാപ്ത: സ്വയൂഥാദഥ.

കാട്ടിൽ തങ്ങളുടെ ആവാസവ്യവസ്ഥയിൽ സുഖലോലുപരായി കഴിഞ്ഞിരുന്ന ആനകൾ വിധിവശാൽ ഗ്രാമത്തിലെത്തി, കടുപ്പവും അത്യുഗ്രവുമായ വാക്കുകളാലും, ഭയം, ബന്ധനം എന്നിവയാലും, സ്വജനവിരഹത്താലും, മനസിനും, ശരീരത്തിനും ക്ലേശം വന്ന് അക്ഷമരായി, പ്രാണൻ നിലനിർത്താൻ ചിരകാലം മനുഷ്യരുടെ അധീനതയിൽ വസിക്കേണ്ടതായി വരുന്നു.

മാതംഗലീല. ഗജരക്ഷാദിവിചാരം ശ്ലോ.1
തർജ്ജമ കടപ്പാട്: ചെറുവള്ളി നാരായണൻ നമ്പൂതിരിയുടെ മാതംഗലീല

ഇപ്രകാരമാകുന്നു നീലകണ്ഠവചനം. നൂറ്റാണ്ടുകള്‍ക്കു മുന്നേ മാതംഗലീലാകാരന്‍ പാലകാപ്യവചനങ്ങളെ കോര്‍ത്തിണക്കി, രോമപാദപാലകാപ്യ സംവാദങ്ങള്‍ സാരാംശമാക്കി, പദ്യരൂപത്തില്‍ ലീല രചിച്ചപ്പോള്‍ മേല്‍പ്പറഞ്ഞ വരികള്‍ പില്‍ക്കാലത്ത് ഇത്ര കണ്ടു പ്രസക്തമാകുമെന്ന്് കരുതിക്കാണില്ല!
ഭദ്രമന്ദമൃഗങ്ങളുടെ സങ്കീര്‍ണമായി പാലകാപ്യന്‍ വിവരിക്കുന്ന ഗജങ്ങള്‍ (നമ്മുടെ ആനകള്‍ തന്നെ) മനുഷ്യനുമായി ഇടകലര്‍ന്ന് ജീവിക്കേണ്ടിവരുന്ന കലികാലത്തില്‍ സംഘര്‍ഷങ്ങളും ഏറുകയാണ്. നാട്ടിലും കാട്ടിലും അനുദിനം വര്‍ധിച്ചു വരുന്ന ആനക്കലാപങ്ങള്‍ ഒരു കലിയുഗ പാലകാപ്യന്റെ അസാന്നിധ്യത്തിന്റെ അനന്തരഫലം തന്നെയാണ്.
ഹസ്തിയൂഥങ്ങളുടെ സഞ്ചാരപഥങ്ങള്‍ കാര്‍ന്നു തിന്നുന്ന വികസന പദ്ധതികളും മനുഷ്യരാശിയുടെ അമിതമായ ഭൂ ഉപയോഗവും ഉപഭോഗവും കാരണം കാട്ടില്‍ സസന്തോഷം വിഹരിക്കുന്ന ആനക്കൂട്ടങ്ങള്‍ക്ക് അവരുടെ ഇടം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആനയും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷം ഏറെ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തിലും പ്രസ്തുതപ്രശ്‌നത്തിലെ പ്രശ്‌നപരിഹാര സാധ്യതകള്‍ കഴിഞ്ഞ ശതാബ്ദത്തില്‍ രോമപാദന്‍ ദീര്‍ഘവീക്ഷണം ചെയ്തതില്‍ നിന്നും ഒട്ടും വ്യത്യസ്തം അല്ലെന്നുള്ളതാണ് സത്യം.

KalyanVarma_DJI00249

മഴക്കാടുകൾ തോട്ടങ്ങൾക്ക് വഴി മാറിയപ്പോൾ ഇല്ലാതായത് കാട്ടാനക്കൂട്ടങ്ങളുടെ സഞ്ചാരപഥങ്ങളാണ്. ചിത്രം കടപ്പാട്: കല്യാൺ വർമ്മ

അംഗരാജ്യാധിപന്‍ ഭടന്മാരെ വിട്ട് പ്രജകള്‍ക്ക് ക്ലേശം സൃഷ്ടിച്ചിരുന്ന ആനകളെ പിടികൂടി ഗൗതമനാരദാദി മുനിമാരെ ഏല്‍പ്പിച്ചപ്പോള്‍ മന:സന്താപത്താല്‍ അലഞ്ഞ പാലകാപ്യന്‍ ഇന്നലെയുടെ ചിത്രം. ആനത്താരകളും ആവാസവ്യവസ്ഥകളും ദിനംപ്രതി നശിക്കുന്ന ഇന്ന് പക്ഷെ ആനകള്‍ കൃഷിനാശത്തിന്റെ ഇരയാവുന്നവരുടെ തോക്കിന്‍കുഴലിലും, വൈദ്യുത കമ്പികളിലും പിടഞ്ഞു ചിന്നം വിളിയോടെ പ്രാണന്‍ വെടിയുമ്പോള്‍ അവയുടെ നിലവിളിക്കൊപ്പം മറ്റ് ശബ്ദകോലാഹലങ്ങളും നിലയ്ക്കുകയാണ്. ദുഃഖാചരണങ്ങളില്ല; പ്രക്ഷോഭങ്ങളോ തീവ്രമായപ്രതിഷേധസ്വരങ്ങളോ ഇല്ല, ഉള്ള ദുര്‍ബലപ്രതിഷേധങ്ങളാകട്ടെ ഫെയ്‌സ്ബുക്കിന്റെ ചുവരുകളില്‍ ഒടുങ്ങി തീരുന്നത് ഗുണമൊട്ടു ചെയ്യുന്നുമില്ല. വെടിവെച്ചുകൊല്ലല്‍ കഴിഞ്ഞാല്‍ മനുഷ്യകുലവുമായുള്ള സംഘര്‍ഷാവസ്ഥ പരിഹരിക്കാനുള്ള ഒറ്റ മൂലിയിപ്പോഴും നാടുകടത്തലാണ്. ഇതിനായി പിടിക്കപ്പെടുന്ന, കാടുമാത്രം കണ്ട് ശീലിച്ച സ്വതന്ത്രരായ കാട്ടാനകള്‍ പന്തികളിലെ തേക്കിന്‍ കഴകളില്‍ തലയിടിച്ചും മുഖം ചായ്ച്ച് വിലപിച്ചും സ്വാഭാവികമായസംഘര്‍ഷം നടത്തുമ്പോള്‍ അവരുടെ ആരോഗ്യവും ജീവനും തന്നെ അപകടത്തിലാകുന്നു.
ചട്ടങ്ങള്‍ പഠിപ്പിക്കുന്ന കാടരുടെയും കുറുബരുടെയും ഇടയ്ക്കിടെയുള്ള സാന്ത്വന ശബ്ദങ്ങളും കരിമ്പിന്‍ തുണ്ടിന്റെയോ ശര്‍ക്കരയുടെയോ മധുരവും മാത്രമാണ് പീഡനത്തിനിടയില്‍ അവന് ലഭിക്കുന്ന ആശ്വാസം. ആ മധുരത്തിന്റെ സാന്ത്വനത്തിലും കാടിന്റെ വിളി അവനില്‍ നിന്നും ഒരിക്കലും മാഞ്ഞ് പോകില്ല! എങ്കിലും ബന്ധനമെന്ന യാഥാര്‍ത്ഥ്യവുമായി മറ്റ് നിവര്‍ത്തിയില്ലാത്തതിനാല്‍ അവന്‍ പൊരുത്തപ്പെടുന്നു. മാസങ്ങള്‍ക്കൊടുവില്‍ കാട് കൈവിട്ട കൊമ്പന്‍ പന്തിയില്‍ നിന്നും വനവ്യഥകളുമായി പുറത്തിറങ്ങുമ്പോള്‍ അവന് പുതിയ പേരും ചാര്‍ത്തി കൊടുത്ത് പുതിയ ചുമതലകളിലേക്ക് പറഞ്ഞു വിടുകയായി; തുണയ്ക്ക് ഇരുവശവും കോലേന്തിയ കൃശഗാത്രര്‍. കാട്ടുകൊമ്പന്‍ പിന്നെ ഒരു ജോലിക്കാരനായി, ഉദ്യോഗസ്ഥനായി അവര്‍ എല്‍പ്പിക്കുന്ന ചുമതലകള്‍ നിറവേറ്റ്ി മരണം വരെ മനുഷ്യരോടൊപ്പം ജീവിക്കുന്നു.

IMG_20170531_093334814-01

സംരക്ഷണവിഷമവൃത്തങ്ങള്‍

രാജ്യഭ്രഷ്ടനായ രാജാവിന് സമനത്രെ വനവിരഹിതനായ കളഭവും. സാമൂഹ്യജീവിതം നയിക്കുന്ന മൃഗങ്ങളില്‍ ഏറ്റവും സങ്കീര്‍ണ്ണമായ സമ്പര്‍ക്ക രീതികള്‍ കണ്ടു വരുന്ന ആനകള്‍ മൃഗരാജവര്‍ഗ്ഗത്തില്‍ നിന്നും വ്യത്യസ്തമായി സ്ത്രീമേധാവിത്വ സമൂഹമാകുന്നു. ഇന്ന് കണ്ടു വരുന്ന മൂന്ന് ഗജവര്‍ഗങ്ങളില്‍ ആഫ്രിക്കന്‍ ആനകളുടെ കാര്യത്തില്‍ ഇത് വളരെ പ്രകടമാണ്. മെട്രിയാര്‍ക്ക് (matriarch) എന്ന് വിളിക്കപ്പെടുന്ന കൂട്ടത്തിലെ മുതിര്‍ന്ന പിടിയാനയുടെ നിര്‍ദേശങ്ങള്‍ക്കും കല്പനകള്‍ക്കും ആജ്ഞാനുവര്‍ത്തികളായി മറ്റു മുതിര്‍ന്നവരും കുട്ടികളും അടങ്ങുന്ന ആനകുടുംബങ്ങള്‍ (Family units and herds) വാഴുന്നു. ഇതില്‍ നിന്നും അല്പം വ്യത്യസ്തമായി ഏഷ്യന്‍ ആനകള്‍ കുറേക്കൂടെ കുറഞ്ഞ അധികാരശ്രേണി (Hierarchy) പ്രകടമാക്കുന്നവയാണെന്ന് അടുത്തിടെയായി നടന്നു വരുന്ന (ലേഖകന്റെ നിരീക്ഷണങ്ങള്‍ ഉള്‍പ്പെടെ) പഠനങ്ങള്‍ വിലയിരുത്തുന്നു. ഏഷ്യന്‍ ആനകളില്‍ കൂട്ടത്തിലെ ഓരോ പിടിയാനയ്ക്കും തന്റേതായ പങ്കും പ്രാധാന്യവും ഉണ്ടെന്ന് സാരം. ഇതേ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇതേ പ്രസിദ്ധീകരണത്തിലെ മറ്റു ചില ലേഖനങ്ങളില്‍ കാണാവുന്നതാണ്.
യൗവനാരംഭത്തില്‍ കൂട്ടത്തില്‍ നിന്നും നീങ്ങി പുതിയ സഞ്ചാരപഥങ്ങള്‍ തേടുന്ന കൊമ്പന്മാര്‍ പിന്നീട് കൂട്ടം ചേരാതെ മറ്റു കൊമ്പന്‍മാരൊത്ത് ബാച്ചിലര്‍ ഗ്രൂപ്പുകളിലോ (Bachelor Group) ഒറ്റയ്‌ക്കോ കാലം കഴിച്ചുകൂട്ടുന്നു. തന്നെക്കാള്‍ മുതിര്‍ന്ന കൊമ്പന്മാര്‍ അടങ്ങുന്ന ബാച്ചലര്‍ ഗ്രൂപ്പുകളില്‍ നിന്നും ആ പ്രദേശത്തെ കുറിച്ചും, ആനത്താരകളെ കുറിച്ചും മനസിലാക്കുന്ന ഗജയുവാക്കള്‍ കാലക്രമേണ തങ്ങളുടെ ഹോം റേഞ്ച് (Home Range) സ്ഥാപിക്കുകയും ചെയുന്നു. മുതിര്‍ന്ന കൊമ്പന്മാരുടെ അഭാവത്തില്‍ (കൊമ്പിനുവേണ്ടിയുള്ള വലിയ തോതിലുള്ള വേട്ട കാരണവും, വര്‍ധിച്ച ആനകളുടെ എണ്ണം നിയന്ത്രിക്കാനായി ചെയ്ത സെലക്ഷന്‍ കില്ലിംഗിലൂടെയും ആഫ്രിക്കയിലെ പല ഭാഗങ്ങളിലും ഇങ്ങനെ മുതിര്‍ന്ന കൊമ്പനാനകള്‍ക്ക് ഏറെക്കുറെ ഇല്ലാതായി) യൗവനം കടക്കുന്ന കുട്ടിക്കൊമ്പന്മാര്‍, അറിവില്ലായ്മ മൂലവും മാനുഷികസമര്‍ദ്ദങ്ങള്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളുടെ ഫലമായും അക്രമവാസന നിറഞ്ഞവരും, ക്രൂരവും വികൃതവുമായ പല സ്വഭാവപ്രതിഭാസങ്ങള്‍ ഉള്ളവരായും മാറുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്കന്‍ ആനകള്‍ ഒരു കൂട്ടം കാണ്ടാമൃഗങ്ങളെ വക വരുത്തിയ സംഭവം ശാസ്ത്ര/വന്യജീവി സംരക്ഷണ ലോകത്തെ ഏറെ ഞെട്ടിച്ച, കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു സംഭവമായിരുന്നു. അതുവരെ കേട്ടുകള്‍വി പോലുമില്ലാത്ത ആക്രമണമായിരുന്നു അത്. അത്തരം ആഘാതം ഏര്‍പ്പെട്ട മേഖലകളിലെ ആനക്കൂട്ടങ്ങളിലെ മനഃശാസ്ത്രപരമായ വ്യതിയാനങ്ങള്‍ അവയുടെ പെരുമാറ്റ രീതികളില്‍ /ശാരീരികമായ പ്രക്രിയകളിലും വലിയ തോതില്‍ ദോഷകരമായ മാറ്റം വരുത്തുന്നതായി പടിഞ്ഞാറന്‍ പഠനങ്ങള്‍ തുറന്നു കാട്ടിയിട്ടുണ്ട്. കൃഷിനാശത്തിന് പ്രശ്‌നപരിഹാരമെന്നോണം വന്‍ തോതില്‍ യാതൊരു വ്യവസ്ഥയും കൂടാതെ കാട്ടാനകളെ പിടി കൂടി നാടുകടത്തുമ്പോഴും മെരുക്കിയെടുക്കാന്‍ ശ്രമിക്കുമ്പോളും ഈ അറിവുകളെല്ലാം സൗകര്യപൂര്‍വം മറക്കപ്പെടുന്നു.

KalyanVarma-4121814

നാട് കടത്തൽ ഒരു ഉപായമല്ല എന്നും, അത് ഒരു സ്ഥലത്തെ പ്രശ്നങ്ങളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നും പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ചിത്രം കടപ്പാട്: കല്യാൺ വർമ്മ

മനുഷ്യരുടേതിന് സമാനമായ ചില ശാരീരിക/മാനസിക പ്രക്രിയകള്‍ കണ്ടു വരുന്ന ആനകളില്‍ ബാഹ്യമായ ആഘാതങ്ങള്‍ വന്‍ തോതില്‍ സമ്മര്‍ദ്ദം (stress) ഉണ്ടാക്കുമെന്ന് ഇരു വന്‍കരകളിലെയും പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട് (ലേഖകന്റേത് ഉള്‍പ്പെടെ). ഇത്തരം സമ്മര്‍ദ്ദങ്ങള്‍ പിടിയാനകളിലെ ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പ്പാദനത്തെയും പ്രജനന ശേഷിയെയും സാരമായി ബാധിച്ചേക്കാം. ആനകളുടെ സങ്കീര്‍ണമായ ശാരീരിക പ്രകൃതികാരണം ചെറിയ തോതില്‍ ഉള്ള ആഘാതങ്ങള്‍ പോലും സുപ്രധാനമായ ചില ശാരീരികപ്രക്രിയകളെ ചോദ്യം ചെയ്‌തെന്നിരിക്കാം. കാര്യങ്ങള്‍ ഇതായിരിക്കെ മനുഷ്യവന്യജീവി സംഘര്‍ഷ പരിഹാരമായി ആനകളെ പിടികൂടുകയോ സ്ഥലം മാറ്റുകയോ (Translocate) ചെയുമ്പോള്‍ അവശ്യമായ പരിഗണന നല്‍കാനാകുന്നില്ലെന്നത് തീര്‍ത്തും വ്യസനകരമായ കാര്യം. അടുത്തിടെ തമിഴ്‌നാട്ടില്‍ പിടികൂടിയ ഒരു കൊമ്പന്‍ ആനക്കൊട്ടിലില്‍ കിടന്ന് ചെരിഞ്ഞതും ശ്രീലങ്കയിലെ പ്രശ്‌നബാധിത പ്രദേശത്തു നിന്നും സ്ഥലം മാറ്റിയ ഒരു കൊമ്പന്‍ കടലില്‍ ചാടിയതും, മറ്റൊരു പ്രശ്‌നബാധിത മേഖലയില്‍ നിന്നും സ്ഥാനം മാറ്റിയ ഒരു പിടിയാന പുതിയ സ്ഥലത്തെ ആനക്കൂട്ടവുമായി ഉള്ള ഇടപെടലുകള്‍ക്കിടയിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ പട്ടിണി മൂലം ചെരിഞ്ഞതും മേല്‍പ്പറഞ്ഞ കാര്യങ്ങളെ സാക്ഷ്യപ്പെടുത്തുന്നു.
ആനകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട് എന്നാണ് പുതിയ അറിവുകളെല്ലാം പങ്കുവെക്കുന്ന കാര്യം. എന്നാല്‍ ആനകള്‍ വംശവര്‍ധന നേടി എന്ന് ഉദ്‌ഘോഷിക്കുകയല്ലാതെ അവയുടെ യഥാര്‍ത്ഥ എണ്ണം ഇന്നും ഒരുവിധം ഏഷ്യന്‍ രാജ്യങ്ങളില്‍ ഒന്നിനും നിശ്ചയമില്ല. ആനകള്‍ വിയറ്റ്‌നാം, കംബോഡിയാ തുടങ്ങിയ രാജ്യങ്ങളില്‍ ക്രമാതീതമായ കുറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയില്‍ കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ വര്ധനവുണ്ടായെന്ന് പരക്കെ പറയപ്പെടുന്നു. എന്നാല്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ ് അന്നത്തെ സാങ്കേതികത ഉപയോഗിച്ച് നടത്തിയ സര്‍വെകളുടെ നിര്‍ണയവും ഇന്നതെ സാങ്കേതികസമ്പ്രദായങ്ങള്‍ നല്കുന്ന വിവരങ്ങളും തമ്മിലുള്ള അന്തരം മൂലം വംശവര്‍ധന എന്നത് യഥാര്‍ത്ഥത്തില്‍ ഉള്ളതാണോ എന്ന് വസ്തുനിഷ്ഠമായി പറയുക അസാധ്യം തന്നെ. ആനകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടെന്ന് കേവലം കണക്കുകളുടെ അടിസഥാനത്തില്‍ പറയാമെന്നല്ലാതെ കഴിഞ്ഞ മുപ്പതുവര്‍ഷത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് പറയുക ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും ദിനംപ്രതി റയില്‍ അപകടങ്ങള്‍, സംഘര്‍ഷബാധിതപ്രദേശങ്ങളിലെ അപകടങ്ങള്‍, കൊമ്പിന് വേണ്ടിയുള്ള വേട്ട എന്നിവ മൂലം ആനകള്‍ ഇഹലോകവാസം വെടിയുമ്പോഴും നാം മുപ്പതുവര്‍ഷം മുമ്പുള്ള കൃത്യമല്ലാത്ത കണക്കുകളുടെ താരതമ്യം നിരത്തി ആനകള്‍ പെരുകുന്നുണ്ടെന്ന് വെറുതെ സമര്‍ത്ഥിക്കുന്നു.

പരിപാലനത്തിലെ ചോദ്യചിഹ്നങ്ങള്‍

നാഗാധ്യക്ഷസ്തു ധീമാന്‍ നരപതി സദൃശോ.. എന്നാകുന്നു ശാസ്ത്രം. വനവ്യഥകളില്‍ നിന്നും നാഗ(ആന)ങ്ങള്‍ക്ക് മുക്തി നേടാന്‍ ഉതകുന്ന സഹായി അഥവാ ആനക്കാരന്‍/അംബ്രഷ്ഠന്‍/പാപ്പാന്‍, തന്റെ ആനയെ, രാജ്യത്തിന്റെ രാജന്‍, തന്റെ പ്രജകളെ സംരക്ഷിക്കുന്ന രീതിയില്‍ നോക്കേണ്ടിയിരിക്കുന്നു എന്ന് സാരാംശം. എന്നിരിക്കെ കുത്തിയും മുറിവേല്‍പ്പിച്ചും കല്‍പ്പിച്ചും മനസ്സിനെയും ശരീരത്തെയും വ്രണപ്പെടുത്തി തന്റെ മേധാവിത്വം സ്ഥാപിച്ചെടുക്കാന്‍ (dominance establishment) ശ്രമിക്കുമ്പോള്‍ വ്രണപ്പെടുന്നത് അവര്‍ക്കിടയിലെ പില്‍ക്കാലത്തുണ്ടാകേണ്ട നല്ല് ബന്ധം കൂടിയാണ്. ഇത്തരത്തില്‍ മേധാവിത്ത ബന്ധം സ്ഥാപിച്ചെടുക്കുമ്പോള്‍ അന്തര്‍ലീനമായ കാര്യം എന്ന് വേണമെങ്കിലും ഈ മേധാവിത്വത്തില്‍ അടിസ്ഥാനമാക്കിയുള്ള പരസ്പരധാരണയില്‍ സ്ഥാനമാറ്റം സംഭവിക്കാമെന്നത് തന്നെ. പ്രബലനായ ഒരു കൊമ്പനോട് അധികാരശ്രേണിയില്‍ താഴെയുള്ള ഒരു കൊമ്പന്‍ നേരിട്ട് ഏറ്റുമുട്ടി മേധാവിത്വം (Dominant male position) നേടിയെടുക്കുന്ന പോലെ നാട്ടിലെത്തിയ ആന തന്റെ മേല്‍ അധികാരം സ്ഥാപിച്ച ആനക്കാരനോടും പോരടിച്ച് തന്റെ ഉയര്‍ന്ന സ്ഥാനം തിരിച്ചുപിടിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നു. അത്തരത്തില്‍ ഒരു അധികാര മത്സരംവന്നാല്‍ തീര്‍ച്ചയായും ആനയേക്കാള്‍ ശാരീരിക ശേഷിയില്‍ ഒരുപാട് താഴെ തട്ടില്‍ കിടക്കുന്ന ആനക്കാരന്‍ അസംശയന്യേ കാലപുരിക്ക് യാത്ര തിരിക്കുകയും തന്റെ സ്വാഭാവിക വാസനകൊണ്ട് ഏറ്റുമുട്ടലില്‍ ഏര്‍പ്പെട്ട പാവം ആന കൊലയാനയായിത്തീരുകയും ചെയ്യും. എന്നാല്‍ ആനയെ സ്‌നേഹംകൊണ്ട് മാത്രം ജയിച്ച പാപ്പാനോട് അധികാര മത്സരം നടത്തേണ്ട ആവശ്യമില്ലാത്തതിനാല്‍ ആ ബന്ധം ഏറെക്കുറെ അപകടമില്ലാതെ മുന്നോട്ടുപോകും.

 

17504569_1426611104027201_4183518654620052220_o.jpg

ആനയും ആനക്കാരനും തമ്മിലുള്ള ബന്ധം എത്രത്തോളം ആഴമേറിയതോ, അത്ര കണ്ട് അവർക്കിടയിൽ പ്രശ്നങ്ങൾ ഇല്ലാതിരിക്കും. ചിത്രം കടപ്പാട്: അനീഷ് ശങ്കരൻകുട്ടി

വിരോധാഭാസം എന്തെന്നാല്‍ കാടിന് അരികില്‍ കിടക്കുന്ന ഗ്രാമങ്ങളില്‍ ആകസ്മികമായി കാട്ടാന മൂലം ആരെങ്കിലും മരണപ്പെടാന്‍ ഇടയായാല്‍ ആ മേഖലയിലെ കാട്ടാനകളെ മുഴുവന്‍ ഉന്മൂലനം ചെയ്യണമെന്ന് മുറവിളി കൂട്ടുന്ന അതെ ജനത നാട്ടാനകള്‍ മൂലമുണ്ടാവുന്ന മരണങ്ങള്‍ പക്ഷേ കണ്ടില്ലെന്ന് നടിക്കുക തന്നെ ചെയ്യുന്നു എന്നതാണ്.

കേരളത്തിലെ ഗജപരിപാലനം തനി കച്ചവടമായി മാറിക്കഴിഞ്ഞ ഇന്ന് പാലകാപ്യ ചിന്തകള്‍ക്കോ ധാര്‍മ്മികബോധവത്കരണത്തിനോ യാതൊരു സാധ്യതയുമില്ലെന്ന തിരിച്ചറിവോടു കൂടി തന്നെ എഴുതട്ടെ; ഇന്നത്തെ ഗജപരിപാലന രീതികളില്‍ മിക്കതും ഒരു തരത്തിലുള്ള പാരമ്പര്യമോ ആചാരമോ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയതാണെന്ന് അവകാശപെടാന്‍ കഴിയുന്നതല്ല! എന്ന് മാത്രമല്ല, ആനപരിപാലനം ദിനംപ്രതി അധഃപതിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. ആംഗ്ലേയത്തില്‍ Gone to the dogs എന്ന ശൈലീപ്രയോഗം ഉചിതം ! ഗജരാജവിരാജിതമന്ദഗതിയെന്ന് കവി വര്‍ണ്ണിച്ചത് ഇന്ന് അപ്രസക്തമായി തുടങ്ങിയിരിക്കുന്നു. ആകാശത്തേക്ക് നോക്കി നീങ്ങുന്ന തലപ്പൊക്കക്കാര്‍ക്കാണ് ഇന്ന് ആവശ്യക്കാരധികം. ശുഭാശുഭലക്ഷണങ്ങള്‍ വര്‍ണ്ണിക്കാനോ ആസ്വദിക്കാനോ ആര്‍ക്കും ഇടയില്ല; അതിലുപരി അറിവില്ല. പ്രാരംഭഘട്ടത്തില്‍ പ്രതിപാദിച്ച പോലെ കാട്ടാനയില്‍ നിന്നും നാട്ടാനയിലേക്കുള്ള പരിവര്‍ത്തനത്തിനിടയ്ക്ക് വരാവുന്ന ഗജക്ലേശങ്ങളെ ഇല്ലാതാക്കാന്‍ വണ്ണമുള്ള ഗജരക്ഷാദിവിചാരം ഇന്നത്തെ നാഗാധ്യക്ഷന്മാര്‍ക്ക് വശമില്ലെന്നത് നിലവില്‍ ഉള്ള പ്രശ്‌നങ്ങളെ രൂക്ഷമാക്കുന്നു. കുംഭിപ്രവരന്‍മാര്‍ മത്സരഘടകങ്ങള്‍ ആയത് രണ്ടായിരാമാണ്ടിന്റെ പ്രാരംഭഘട്ടം മുതല്‍ക്കെന്ന് കരുതട്ടെ. സമൂഹമാധ്യമങ്ങളും ഇന്റര്‍നെറ്റും ഫ്‌ളെക്‌സുകളും വാക്‌പോരുകളുടെ മത്സരവേദിയായപ്പോള്‍ ഉത്സവവേളകള്‍ ആനപീഡനത്തിന്റെ നേരില്ലാത്ത നേര്‍കാഴ്ചകള്‍ക്ക് സാക്ഷ്യം വഹിക്കുന്നത് തികച്ചും ദുസ്സഹമായ കാര്യം തന്നെ. KSRTCയുടെ ചില സൂപ്പർഫാസ്റ് ബസ്സിന്റെ റൂട്ട് കണക്കെ വടക്ക് മുതല്‍ തെക്ക് വരെ കേരളപര്യടനം നടത്തിക്കുമ്പോള്‍ ആനകള്‍ അനുഭവിച്ചു തീര്‍ക്കുന്ന യാതനകള്‍ക്കോ അടിപ്പെട്ട അവസ്ഥാന്തരങ്ങള്‍ക്കോ പരിഗണനകളില്ല. ഇത്തരം പ്രശ്‌നങ്ങള്‍ നാടുമുഴുവന്‍ നിലവിലിരിക്കെ നാട്ടാനകള്‍ ഇനിയും വേണമെന്ന ആവശ്യം തികച്ചും വിവേകശൂന്യത തന്നെ. എന്നാലും ഇതിന് പരിഹാരമെന്തെന്ന ചോദ്യത്തിന് എല്ലാം നിര്‍ത്തലാക്കി ആനകളെ കാട്ടിലേക്ക് വിടാമെന്ന അഭിപ്രായം വളരെക്കൂടുതലായി കേള്‍ക്കുന്നതിനാല്‍ പറയട്ടെ–––അത് തീര്‍ത്തും അപ്രായോഗികമായ ഒരു മാര്‍ഗമാണ്. നാടുമായി ഇഴകിച്ചേര്‍ന്ന ആനകള്‍ക്ക് കാട്ടിലെ മത്സരാടിസ്ഥാനത്തിലുള്ള വെല്ലുവിളികള്‍ നേരിട്ട് ജീവന്‍ നിലനിര്‍ത്താന്‍ പ്രയാസമായിരിക്കും. ആയതിനാല്‍ നിലവിലുള്ള നില മെച്ചപ്പെടുത്തി ഇപ്പോഴുള്ള ആനകളെ അവയുടെ അവസാനഘട്ടം വരെ പരമാവധി ഭേദമായ രീതിയില്‍ പരിപാലിക്കുക തന്നെ മാര്‍ഗം. അതിനായി സര്‍ക്കാര്‍, സര്‍ക്കാരേതര സ്ഥാപനങ്ങള്‍, മറ്റു തല്‍പരകക്ഷികള്‍ എന്നിവര്‍ ഒന്നിച്ച് പുതിയ പ്രായോഗിക നയങ്ങള്‍ മിനഞ്ഞെടുത്ത് അത് നടപ്പിലാക്കുക തന്നെ വേണം. ആനയ്ക്ക് പട്ടം കൊടുത്താലും ഇല്ലെങ്കിലും സമയത്തിന് വയറുനിറയെ പട്ടകിട്ടിയോ എന്നെങ്കിലും സംഘാടകരും ഉറപ്പു വരുത്തുക. ആവശ്യത്തിന് തണലും പുല്ലും ഇലകളും അടങ്ങിയ വൈവിധ്യമാര്‍ന്ന വേവിക്കാത്ത ഭക്ഷണവും, മതിയാവുന്ന അത്രയും വെള്ളവും ലഭ്യമാക്കുക. കേരളത്തിന്റെ സാംസ്‌കാരിക ലോകത്തെ വൈവിധ്യമാര്‍ന്ന ആചാരങ്ങള്‍ രായ്ക്കുരാമാനം തച്ചുടച്ചു വാര്‍ക്കേണ്ടത് അല്ല; അത് കൊണ്ട് തന്നെ ആചാരം ആവാം, എന്നാല്‍ ആര്‍ഭാടം അരുതെന്നും ആനകള്‍ക്ക് പീഢനം പാടില്ലെന്നുമുള്ള ആശയത്തില്‍ ഊന്നിക്കൊണ്ടു ഈ ലേഖനത്തിന് പരിസമാപ്തി കുറിക്കട്ടെ.

**********

പിൻകുറിപ്പ്: താമരൻകുളങ്ങര മകരവിളക്കാഘോഷ സ്മരണിക “മകരജ്യോതി 2017″ൽ അച്ചടിച്ച് വന്ന ലേഖനത്തിന്റെ പുനഃപ്രസിദ്ധീകരണം.

Advertisements

3 thoughts on “പാലകാപ്യന്‍ ചിന്തകളും സമകാലീന ഗജസംരക്ഷണവും പരിപാലനവും

 1. Wonderful! Will there be an English translation?

  Lots of love and best wishes for Onam!

  Rana

  Summer grass:
  That’s all that remains
  Of warriors’ dreams.
  ______________________________________________________

  Anindya “Rana” Sinha

  National Institute of Advanced Studies
  Indian Institute of Science Campus
  Bangalore 560012, India

  Tel: +91-80-22185117
  Fax: +91-80-22185028
  Website: http://www.nias.res.in

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s